Home Revelation 20 · മലയാളം ബൈബിൾ

Revelation

Chapter 20

മലയാളം ബൈബിൾ
1അനന്തരം ഒരു ദൂതന്‍ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യില്‍ പിടിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങുന്നതു ഞാന്‍ കണ്ടു.
2അവന്‍ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
3ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.
4ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്കും ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
5മരിച്ചവരില്‍ ശേഷമുള്ളവര്‍ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
6ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേല്‍ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവര്‍ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
7ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്നു അഴിച്ചുവിടും.
8അവന്‍ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്പുറത്തെ മണല്‍പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേര്‍ക്കേണ്ടതിന്നു വശീകരിപ്പാന്‍ പുറപ്പെടും.
9അവര്‍ ഭൂമിയില്‍ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാല്‍ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
10അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടിവരും.
11ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഔടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
12മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നിലക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.
13സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി.
14മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
15ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme