Home Joel 1 · മലയാളം ബൈബിൾ

Joel

Chapter 1

മലയാളം ബൈബിൾ
1പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
2മൂപ്പന്മാരേ, ഇതുകേള്‍പ്പിന്‍ ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
3ഇതു നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.
4തുള്ളന്‍ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടില്‍ തിന്നു; വിട്ടില്‍ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.
5മദ്യപന്മാരേ, ഉണര്‍ന്നു കരവിന്‍ ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായക്കു അറ്റുപോയിരിക്കയാല്‍ മുറയിടുവിന്‍ .
6ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു.
7അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകള്‍ വെളുത്തുപോയിരിക്കുന്നു.
8യൌവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.
9ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തില്‍നിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ ദുഃഖിക്കുന്നു.
10വയല്‍ ശൂന്യമായ്തീര്‍ന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാല്‍ ദേശം ദുഃഖിക്കുന്നു.
11കൃഷിക്കാരേ, ലജ്ജിപ്പിന്‍ ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിന്‍ ; വയലിലെ വിളവു നശിച്ചുപോയല്ലോ.
12മുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ.
13പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിന്‍ ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിന്‍ ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങള്‍ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിന്‍ .
14ഒരു ഉപവാസദിവസം നിയമിപ്പിന്‍ ; സഭായോഗം വിളിപ്പിന്‍ ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൂട്ടിവരുത്തുവിന്‍ ; യഹോവയോടു നിലവിളിപ്പിന്‍ ;
15ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സര്‍വ്വശക്തന്റെ പക്കല്‍നിന്നു സംഹാരം പോലെ വരുന്നു.
16നമ്മുടെ കണ്ണിന്റെ മുമ്പില്‍നിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
17വിത്തു കട്ടകളുടെ കീഴില്‍ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാല്‍ പാണ്ടികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു.
18മൃഗങ്ങള്‍ എത്ര ഞരങ്ങുന്നു; കന്നുകാലികള്‍ മേച്ചല്‍ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു.
19യഹോവേ, നിന്നോടു ഞാന്‍ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലെക്കും ഇരയായിത്തീര്‍ന്നുവല്ലോ.
20നീര്‍തോടുകള്‍ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കു ഇരയായിത്തീരുകയും ചെയ്തതുകൊണ്ടു വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴെക്കുന്നു.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme