Home Bibles ഉത്തമഗീതം 2 · മലയാളം ബൈബിൾ ||

ഉത്തമഗീതം

Chapter 2

മലയാളം ബൈബിൾ
1ഞാന്‍ ശാരോനിലെ പനിനീര്‍പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു. 2മുള്ളുകളുടെ ഇടയില്‍ താമരപോലെ കന്യകമാരുടെ ഇടയില്‍ എന്റെ പ്രിയ ഇരിക്കുന്നു. 3കാട്ടുമരങ്ങളുടെ ഇടയില്‍ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയില്‍ എന്റെ പ്രിയന്‍ ഇരിക്കുന്നു; അതിന്റെ നിഴലില്‍ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു. 4അവന്‍ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 5ഞാന്‍ പ്രേമപരവശയായിരിക്കയാല്‍ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിന്‍ ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിന്‍ . 6അവന്റെ ഇടങ്കൈ എന്റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ. 7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണര്‍ത്തുകയുമരുതു. 8അതാ, എന്റെ പ്രിയന്റെ സ്വരം! അവന്‍ മലകളിന്മേല്‍ ചാടിയും കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ടു വരുന്നു. 9എന്റെ പ്രിയന്‍ ചെറുമാനിന്നും കലകൂട്ടിക്കും തുല്യന്‍ ; ഇതാ, അവന്‍ നമ്മുടെ മതിലക്കു പുറമേ നിലക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയില്‍കൂടി ഉളിഞ്ഞുനോക്കുന്നു. 10എന്റെ പ്രിയന്‍ എന്നോടു പറഞ്ഞതുഎന്റെ പ്രിയേ, എഴുന്നേല്‍ക്ക; എന്റെ സുന്ദരീ, വരിക. 11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. 12പുഷ്പങ്ങള്‍ ഭൂമിയില്‍ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടില്‍ കേള്‍ക്കുന്നു. 13അത്തിക്കായ്കള്‍ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്‍ക്ക; എന്റെ സുന്ദരീ, വരിക. 14പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു. 15ഞങ്ങളുടെ മുന്തിരത്തോട്ടങ്ങള്‍ പൂത്തിരിക്കയാല്‍ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിന്‍ . 16എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; ഞാന്‍ അവന്നുള്ളവള്‍; അവന്‍ താമരകളുടെ ഇടയില്‍ ആടുമേയക്കുന്നു. 17വെയിലാറി, നിഴല്‍ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായിരിക്ക.

Choose Theme