Home Bibles സങ്കീർത്തനങ്ങൾ 96 · മലയാളം ബൈബിൾ ||

സങ്കീർത്തനങ്ങൾ

Chapter 96

മലയാളം ബൈബിൾ
1യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിന്‍ . 2യഹോവേക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍ . 3ജാതികളുടെ ഇടയില്‍ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയില്‍ അവന്റെ അത്ഭുതങ്ങളും വിവരിപ്പിന്‍ . 4യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍ . 5ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. 6ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു. 7ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന്‍ . 8യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍ ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ . 9വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍ ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍ . 10യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും. 11ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ. 12വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും. 13യഹോവയുടെ സന്നിധിയില്‍ തന്നേ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

Choose Theme