Home Bibles സങ്കീർത്തനങ്ങൾ 80 · മലയാളം ബൈബിൾ ||

സങ്കീർത്തനങ്ങൾ

Chapter 80

മലയാളം ബൈബിൾ
1ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ. 2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ. 3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. 4സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും? 5നീ അവര്‍ക്കും കണ്ണുനീരിന്റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു. 6നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും വഴക്കാക്കിതീര്‍ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മില്‍ പറഞ്ഞു പരിഹസിക്കുന്നു. 7സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. 8നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു. 9നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു. 10അതിന്റെ നിഴല്‍കൊണ്ടു പര്‍വ്വതങ്ങള്‍ മൂടിയിരുന്നു; അതിന്റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു. 11അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു. 12വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു? 13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു. 14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ. 15നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തയ്യെയും പാലിക്കേണമേ. 16അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു. 17നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേല്‍ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്റെ മേല്‍തന്നേ ഇരിക്കട്ടെ. 18എന്നാല്‍ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും. 19സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

Choose Theme