Home Psalm 30 · മലയാളം ബൈബിൾ

Psalm

Chapter 30

മലയാളം ബൈബിൾ
1യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.
2എന്റെ ദൈവമായ യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
3യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തില്‍നിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
4യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ .
5അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
6ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.
7യഹോവേ, നിന്റെ പ്രസാദത്താല്‍ നീ എന്റെ പര്‍വ്വതത്തെ ഉറെച്ചു നിലക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാന്‍ ഭ്രമിച്ചുപോയി.
8യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.
9ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോയാല്‍ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
10യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
11നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
12ഞാന്‍ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme